ന്യൂഡൽഹി: എ.ഐ.എം.ഐ.എം നേതാക്കന്മാരായ അസദുദ്ദീന്‍ ഒവൈസി, അക്‌ബറുദ്ദീൻ ഒവൈസി, വാരിസ് പതാൻ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു. വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഹിന്ദുസേന സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.
സാമൂഹിക പ്രവർത്തകനായ ഹർഷ് മന്ദർ, ആർജെ സയമ, നടി സ്വര ഭാസ്‌കർ, ആം ആദ്‌മി നേതാവ് അമാനത്തുല്ല ഖാൻ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സഞ്ജീവ് കുമാർ സമർപ്പിച്ച മറ്റൊരു ഹർജിയിലും കേന്ദ്രത്തിന് കോടതി നോട്ടീസ് നൽകി.
ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് സി. ഹരി ശങ്കർ എന്നിവരടങ്ങിയ ബെഞ്ച് കേസിൽ പ്രതികളോട് വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ഏപ്രിൽ 13ന് കേസിൽ കൂടുതൽ വാദം കേൾക്കുമെന്നും അറിയിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകനായ ഹർഷ് മന്ദർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതും ഏപ്രിൽ 13നാണ്.
വാരിസ് പതാന്‍റെ പ്രസംഗം ഡൽഹിയിൽ വർഗീയ സംഘർഷമുണർത്തുകയും നിരവധി പേരുടെ മരണത്തിനും കാരണമായെന്ന് ഹർജിയിൽ ആരോപിക്കുന്നു. രാജ്യദ്രോഹം, പ്രകോപനം, പൊതുകുറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മന്ദറിനെതിരെയുള്ള ഹർജിയിൽ പറയുന്നത്.