ന്യൂഡൽഹി: കൊവിഡ് കാലത്ത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ തിരികെ എത്തിക്കുന്ന ദൗത്യത്തില്‍ പങ്കെടുത്ത പൈലറ്റ് കമാൻഡർ സമര്‍പ്പിച്ച ഹര്‍ജിയില്‍ എയര്‍ ഇന്ത്യ ലിമിറ്റഡിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് ജ്യോതി സിംഗ് ഉൾപ്പെട്ട ബെഞ്ചാണ് എയർ ഇന്ത്യക്ക് നോട്ടീസ് അയച്ചത്. ഹര്‍ജിയില്‍ ഓഗസ്റ്റ് നാലിന് കൂടുതൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
ചില അലവൻസുകളും കുടിശ്ശികയും മുടങ്ങിയതിന്‍റെ പേരിൽ 2020 ഫെബ്രുവരി ആറിന് താൻ രാജി സമർപ്പിച്ചതായി പൈലറ്റ് കമാൻഡർ ഹര്‍ജിയില്‍ പറഞ്ഞു. തുടര്‍ന്ന് സിവിൽ ഏവിയേഷൻ ആവശ്യകത (സിഎആർ) പ്രകാരം ആറുമാസത്തെ നോട്ടീസ് പീരിയഡ് നൽകി. ഓഗസ്റ്റ് എട്ടിന് ഇയാളുടെ നോട്ടീസ് പീരിയഡ് അവസാനിക്കും.
നോട്ടീസ് പീരിയഡ് കാലയളവില്‍ മാർച്ച് 19 ന് രാജി പിൻവലിച്ചുകൊണ്ടുള്ള അപേക്ഷ നല്‍കിയതായും എന്നാല്‍ രാജി പിൻവലിക്കാനുള്ള അപേക്ഷയിൽ അധികൃതര്‍ തീരുമാനം അറിയിച്ചില്ലെന്നും പൈലറ്റ് കമാൻഡർ തന്‍റെ ഹര്‍ജിയില്‍ പറയുന്നു.രാജി പിൻവലിക്കാനുള്ള അപേക്ഷ സ്വീകരിച്ച് ജോലി തുടരാൻ തന്നെ അനുവദിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെടുന്നു.
വിമാന കമ്പനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജീവ് സെൻ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചു.