ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരില്‍ പൊലീസ് അടച്ചിട്ട കാളിന്ദി- കുഞ്ച് ഷഹീന്‍ ബാഗ് റോഡ് തുറന്ന് കൊടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചു. റോഡ് അടച്ചിട്ടിരിക്കുന്നതു മൂലം വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. ബോര്‍ഡ് പരീക്ഷകള്‍ പലതും നടത്താന്‍ കഴിയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനുവരി 14നാണ് കുഞ്ജ്- ഷഹീന്‍ ബാഗ് റോഡ് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. റോഡ് അടച്ചിട്ടത് വാഹനയാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ അമ്തി സാഹ്‌നിയാണ് ഹര്‍ജി നല്‍കിയത്.
പരൗത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 15 മുതൽ കാളിന്ദി കുഞ്ച്-ഷഹീൻ ബാഗ് അടച്ചതിനാൽ ബോർഡ് പരീക്ഷയ്ക്കിടെ നിരവധി വിദ്യാർഥികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ഹര്‍ജിയിലുണ്ടായിരുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തേണ്ടതാണെന്നും പ്രീ ബോര്‍ഡ് പരീക്ഷകള്‍ ഉടന്‍ നടക്കാനുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്ക് കൃത്യ സമയത്ത് സ്കൂളില്‍ എത്തിച്ചേരാന്‍ കഴിയാതിരിക്കുന്നത് അവരുടെ വിദ്യാഭ്യാസത്തെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. ഡല്‍ഹി- ഫരീദാബാദ്-നോയിഡ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡാണിത്. നൂറുകണക്കിന് വാഹനങ്ങളാണ് ദിനം പ്രതി ഇതിലൂടെ കടന്നുപോകുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് റോഡ് അടച്ചതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്. റോഡ് അടച്ചതിനാല്‍ രണ്ട് മണിക്കൂര്‍ നേരത്തെ കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് യാത്ര തിരിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്.
മഥുര റോഡിൽ അപ്പോളോ ഹോസ്പിറ്റൽ, സരിത വിഹാർ, ഒരു മ്യൂട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമെല്ലാം വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. നിരവധി എഞ്ചിനീയറിംഗ്, മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പുറമെ നിരവധി സ്കൂളുകൾ, കോളജുകൾ, സര്‍വകലാശാലകള്‍ തുടങ്ങിയവയൊക്കെ ഈ പ്രദേശത്തുണ്ട്.