ന്യൂഡൽഹി: 'ബോയ്‌സ് ലോക്കര്‍ റൂം' കേസിൽ പൊലീസ് അന്വേഷണം വേഗത്തിലാക്കണമെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, തൽവന്ത് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വീഡിയോ കോൺഫറൻസിംഗിലൂടെ കേസ് പരിഗണിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ ആവശ്യപ്പെട്ട് സമർപ്പിച്ച ദേവ് ആശിഷ് ദുബേയുടെ ഹർജി ഹൈക്കോടതി തള്ളി.
ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ വിദ്യാര്‍ഥികളുടെ ചില ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമത്തിലൂടെ ഒരു പെണ്‍കുട്ടി പുറത്ത് വിട്ടതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. അഭിഭാഷകരായ ദുഷ്യന്ദ് തിവാരി, ഓം പ്രകാശ് പരിഹാർ എന്നിവർ സമർപ്പിച്ച ഹർജിയിൽ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഉടൻ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചു. തുടർന്ന് ഗ്രൂപ്പ് അഡ്‌മിനായ പ്ലസ്‌ടു വിദ്യാർഥിയെ ഡൽഹി പൊലീസ് സൈബർ സെൽ അറസ്റ്റ് ചെയ്‌തിരുന്നു. ഗ്രൂപ്പ് അംഗങ്ങളായ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ അവരുടെ മാതാപിതാക്കളുടെയും എൻജിഒ അംഗങ്ങളുടെയും സാന്നിധ്യത്തിൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്‌തു. ഇതിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഇൻസ്റ്റഗ്രാമിനും പൊലീസിനും ഡൽഹി വനിത കമ്മീഷൻ നോട്ടീസ് അയച്ചു.
ചാറ്റിൽ ഇരയായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സംരക്ഷണം വേണമെന്ന് ദേവ് ആശിഷ് ദുബേ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പിൽ ചാറ്റ് ചെയ്‌തവരിൽ ഭൂരിഭാഗവും ഡൽഹിയിലെ ഉയർന്ന കുടുംങ്ങളിലുള്ള ചെറുപ്പക്കാരായ ആൺകുട്ടികളാണ്. പെണ്‍കുട്ടികളുടെ അശ്ശീല ചിത്രങ്ങളും അവരെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുള്ള സംഭാഷണങ്ങളുമാണ് ഗ്രൂപ്പിൽ ചർച്ച ചെയ്‌തിരുന്നത്. ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് ശേഷവും ആൺകുട്ടികൾ പെൺകുട്ടികളെ പരസ്യമായി ഭീഷണിപ്പെടുത്തി.