ന്യൂഡൽഹി: 2021 ജൂലൈ വരെയുള്ള 2.2 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിലും (ഡിഎ) പെൻഷൻകാരുടെ ആശ്വാസബത്തയിലുമുള്ള (ഡിആര്‍) വര്‍ധന ഡല്‍ഹി സർക്കാർ മരവിപ്പിച്ചു. 2020 ജനുവരി മുതല്‍ 2021 ജൂലൈ വരെയാണിത്. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരും ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിലൂടെ ലാഭിക്കുന്ന പണം കൊവിഡിനെ നേരിടാൻ ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ നീക്കം 2.2 ലക്ഷത്തോളം സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരെയും ബാധിക്കുമെന്ന് ഡല്‍ഹി സർക്കാർ ജീവനക്കാരുടെ ക്ഷേമ സംഘടനാ ജനറൽ സെക്രട്ടറി ഉമേഷ് ബാത്ര പറഞ്ഞു.
കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 50 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെയും 61 ലക്ഷം പെൻഷൻകാരുടെയും ആശ്വാസബത്ത നാല് ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പണപ്പെരുപ്പവുമായി ബന്ധപ്പെട്ട അലവൻസുകൾ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. നിരവധി സംസ്ഥാനങ്ങൾ ഈ നടപടി സ്വീകരിച്ചു. ഒന്നരവര്‍ഷത്തേക്ക് നിലവിലുള്ള 17 ശതമാനം ഡിഎ, ഡിആര്‍ തന്നെ തുടരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.