ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ ലഭ്യമായാൽ ഒരു മാസത്തിനുള്ളിൽ ഡൽഹിയിലെ ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാനാകുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ. വാക്‌സിന്‍റെ സംഭരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ 50 ശതമാനത്തോളം കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും കൂടാതെ 1,200 കിടക്കകളോളം ഒഴിവുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിൽ പുതുതായി 5,482 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.51 ശതമാനമായെന്നും നിരക്കിൽ കുറവ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബർ ഏഴിന് തലസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായിരുന്നു. ഇന്നലെ ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പ്രതിഷേധം നടത്താൻ കർഷകരെ അനുവദിക്കണമെന്നും കാർഷിക പ്രതിഷേധവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചു.