ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. മരണവാറണ്ടിനെതിരെ കേസിലെ പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുകേഷ് സിങ് ദയാഹര്‍ജിയുമായി മുന്നോട്ട് പോയതിനാല്‍ വധശിക്ഷ 22ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശാജനകമാണെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുകേഷ് സിങ് ദയാഹര്‍ജി കൈമാറിയിരിക്കുന്നത്. നേരത്തെ അക്ഷയ് സിങ് ദയാഹര്‍ജി നല്‍കിയെങ്കിലും അവസാന നിമിഷം അതുപിന്‍വലിച്ചിരുന്നു. കേസിലെ രണ്ടുപ്രതികള്‍ക്കുകൂടി ദയാഹര്‍ജി നല്‍കാനുള്ള സാഹചര്യം ഉണ്ട്.
ദയാഹര്‍ജി തള്ളിയാല്‍ പതിന്നാലുദിവസത്തെ നോട്ടീസ് പിരീഡ് പ്രതികള്‍ക്ക് നല്‍കണം. രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നീട്ടിവെക്കണമെന്നാണ് മുകേഷ് സിങ് കോടതിയില്‍ ആവശ്യപ്പെട്ടത്. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ അവസരം നല്‍കണമെന്നും മുകേഷ് സിങ് കോടതിയെ ബോധിപ്പിച്ചു.
ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുണ്ടായ കാലതാമസത്തെ ചോദ്യം ചെയ്ത കോടതി നിയമവ്യവസ്ഥയെ പ്രതികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് വിമര്‍ശിച്ചു.