ന്യൂഡൽഹി: രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ ജമ്മുവിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ജമ്മു കശ്‌മീർ പൊലീസ് ഉദ്യോഗസ്ഥൻ ദാവീന്ദർ സിങ്ങിനെതിരെ ഡൽഹി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കശ്മീരിലെ ഹിര നഗർ ജയിലിൽ കഴിയുന്ന ദാവീന്ദർ സിങ്ങിനെ ഈ മാസം 18ന് കോടതിയിൽ ഹാജരാക്കാൻ ജയിൽ അധികൃതരോട് ജഡ്‌ജി എം. കെ. നാഗ്‌പാൽ നിർദേശിച്ചു. സിങ്ങിനെ കൂടാതെ ജാവേദ് ഇക്ബാൽ, സയ്യിദ് നവീദ് മുഷ്താഖ്, ഇമ്രാൻ ഷാഫി മിർ എന്നിവർക്കെതിരെയും കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ പ്രതികൾ ജമ്മു കശ്‌മീർ ജയിലിലാണെന്നും ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്നും ജയിൽ അധികൃതർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഡൽഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഭീകരരെ കശ്‌മീരിലെത്തിക്കാൻ സഹായിച്ചതിന് ഈ വർഷം ജനുവരിയിൽ പിടിക്കപ്പെട്ട ഡിഎസ്‌പി ദാവീന്ദർ സിങ്ങിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. ഡൽഹിയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഭീകരാക്രമണം നടത്താൻ സയ്യിദ് മുഷ്‌താക്കും കൂട്ടാളികളും പദ്ധതിയിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കിയതിനെ തുടർന്ന് ഇവർ കഴിഞ്ഞ മാസം മൂന്ന് വരെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇന്‍റർനെറ്റ് സേവനങ്ങൾ ഉപയോഗിച്ചാണ് സയ്യിദ് മുഷ്‌താക്ക് കൂട്ടുപ്രതികളുമായി ആശയവിനിമയം നടത്തിയിരുന്നത്. അതേസമയം, ജമ്മു കശ്‌മീരിലെയും പഞ്ചാബിലെയും യുവാക്കൾക്ക് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പരിശീലനം നൽകുന്നുണ്ടെന്ന് കാണിച്ച് ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 120 ബി പ്രകാരം ഡൽഹി പൊലീസ് എഫ്‌ഐആർ രജിസറ്റർ ചെയ്‌തിട്ടുണ്ട്. സിങ്ങിന്‍റെ ഖാലിസ്ഥാൻ ആക്രമണ ബന്ധവും അന്വേഷിക്കുന്നുണ്ട്.