ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ നീതി ആയോഗ് മുൻ സിഇഒ സിന്ധുശ്രീ ഖുള്ളർ ഉൾപ്പടെയുള്ളവർക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
മുൻ ധനകാര്യ മന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ പ്രദീപ് കുമാർ ബഗ്ഗയ്ക്കും മുൻ എഫ്ഐപിബി ഡയറക്ടർ പ്രഭോദ് സക്‌സേനയ്ക്കും സ്‌പെഷ്യൽ ജഡ്ജി അജയ് കുമാർ കുഹാർ ജാമ്യം അനുവദിച്ചു. ജാമ്യ തുകയായി രണ്ട് ലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്നും, അനുമതിയില്ലാതെ രാജ്യം വിടരുതെന്നും കോടതി നിർദേശിച്ചു. തെളിവുകൾ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
കേസിൽ മുൻ ധനമന്ത്രി പി ചിദംബരം നിലവിൽ ജാമ്യത്തിലാണ്. ഐഎൻഎക്‌സ് മീഡിയ എന്ന കമ്പനിക്ക് 305 കോടി രൂപ വിദേശഫണ്ട് ലഭിക്കാൻ അനധികൃതമായി പി.ചിദംബരം ഇടപെട്ടെന്നാണ് കേസ്. 2017 മേയ് 15നാണ് കേസിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിദേശ നിക്ഷേപ പ്രോൽസാഹന ബോർഡിന്‍റെ (എഫ്ഐപിബി) അനുമതി ലഭ്യമാക്കാൻ ഒന്നാം യുപിഎ സർക്കാരിന്‍റെ മന്ത്രിയായിരിക്കെ ചിദംബരം ഇടപെട്ടെന്നാണ് കേസ്.