ന്യൂഡല്‍ഹി: കോൺഗ്രസ് എംപി ശശി തരൂരിന് ഡല്‍ഹി ഹൈക്കോടതി വിദേശയാത്രക്ക് അനുമതി നല്‍കി. സ്‌പെഷ്യൽ ജഡ്ജി അജയ് കുമാർ കുഹാർ ആണ് അനുമതി നല്‍കിയത്. നവംബർ 14 മുതൽ 18 വരെ ദുബായ് സന്ദര്‍ശനത്തിനായാണ് അനുമതി. ഭാര്യ സുനന്ദ പുഷ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് തരൂരിന് കോടതി വിദേശയാത്രാനുമതി നല്‍കിയത്. നേരത്തെ കേസില്‍ തരൂരിന് ജാമ്യം നല്‍കിയെങ്കിലും രാജ്യം വിടരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
രണ്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം നൽകണമെന്ന ഉപാധിയോടെയാണ് കോടതിയുടെ അനുമതി. തരൂർ ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം തുക തിരികെ നൽകും. മുമ്പും അദ്ദേഹത്തിന് വിദേശയാത്ര നടത്താന്‍ അനുമതി ലഭിച്ചതായി കോടതി നിരീക്ഷിച്ചു. അതേസമയം തരൂരിന്‍റെ ഹർജിയെ ഡല്‍ഹി പൊലീസ് കോടതിയില്‍ എതിർത്തു. വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചാൽ വിചാരണ ഒഴിവാക്കാൻ തരൂർ വിദേശത്ത് സ്ഥിരതാമസമാക്കുമെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. ഇത് കേസിന്‍റെ വിചാരണ തടസപെടുത്തിയേക്കുമെന്നും പൊലീസ് വ്യക്തമാക്കി.
നാഷണല്‍ സയന്‍സ് ആന്‍റ് ടെക്നോളജി യൂണിവേഴ്സിറ്റിയുടെ ക്ഷണം സ്വീകരിച്ച് ഡിസംബര്‍ പതിനാറിന് ഒമാനില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനും തരൂർ അനുമതി തേടിയിരുന്നു. അമ്മയുടെ 80-ാം ജന്മദിനം ആഘോഷിക്കുന്നതിനായി ഡിസംബർ 28 മുതൽ ജനുവരി എട്ട് വരെ യുഎസിലേക്കും മെക്സിക്കോയിലേക്കും പോകണമെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പിന്നീട് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. 2014 ജനുവരിയിലാണ് സുനന്ദ പുഷ്‌ക്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.