ന്യൂഡല്‍ഹി: അനധികൃത വ്യോമയാന ഇടപാട് നടത്തിയ കേസില്‍ ജുഡീഷ്യന്‍ കസ്റ്റഡിയിലുള്ള വ്യവസായി ദീപക് തല്‍വാറിനെ ചോദ്യം ചെയ്യാന്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് കോടതിയുടെ അനുമതി. ജനുവരി 27 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് അനുമതി ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ ദീപക് തല്‍വാര്‍ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടിവരും. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യാന്‍ ദീപകിനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കോടതിയോട് ആവശ്യപ്പെട്ടത്. സ്‌പെഷ്യല്‍ ജഡ്‌ജ് സന്തോഷ് സ്നേഹിമാനാണ് ഇഡിയുടെ ആവശ്യം പരിഗണിച്ച് ഉത്തരവിറക്കിയത്.
കഴിഞ്ഞ വര്‍ഷം ദുബായില്‍ വച്ചാണ് ദീപക് തല്‍വാര്‍ പിടിയിലാകുന്നത്. അനധികൃതമായി നടത്തിയ വ്യോമയാന ഇടപാട് മുഖാന്തിരം ഇന്ത്യയുടെ ദേശീയ വിമാനസര്‍വീസായ എയര്‍ ഇന്ത്യയ്‌ക്ക് നഷ്‌ടം വരുത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അഴിമതി കുറ്റം ചുമത്തി എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്, സിബിഐ എന്നീ ഏജന്‍സികളും നികുതി വെട്ടിച്ചെന്ന കുറ്റം ചുമത്തി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്മെന്‍റും ദീപകിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.