ന്യൂഡൽഹി: വിസ മാനദണ്ഡങ്ങൾ ലംഘിച്ച് തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 53 വിദേശ പൗരന്മാരെ പിഴ ഈടാക്കി വിട്ടയക്കാൻ ഡൽഹി കോടതി ഉത്തരവിട്ടു. 40 ഇന്തോനേഷ്യൻ പൗരന്മാർ, 12 കിർഗിസ്ഥാൻ പൗരന്മാർ, ഒരു ദക്ഷിണ ആഫ്രിക്കൻ പൗരൻ എന്നിവർക്ക് 5,000 രൂപ വീതം പിഴ ഈടാക്കി വിട്ടയക്കാനാണ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അർച്ചന ബെനിവാൾ ഉത്തരവിട്ടത്. വിദേശ പൗരന്മാർക്ക് വേണ്ടി അഭിഭാഷകരായ അഷിമ മണ്ട്ല, ഫാഹിം ഖാൻ, അഹമ്മദ് ഖാൻ എന്നിവർ ഹാജരായി.
കേസിലെ പരാതിക്കാരനായ ഡിഫൻസ് കോളനിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ലജ്‌പത് നഗർ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ, നിസാമുദീൻ ഇൻസ്പെക്ടർ എന്നിവർ വിധിയിൽ എതിർപ്പുകളില്ലെന്ന് കോടതിയെ അറിയിച്ചു. വിസ വ്യവസ്ഥകൾ ലംഘിക്കൽ, കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ച് ദേശീയ തലസ്ഥാനത്തെ നിസാമുദീൻ മർകസിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കൽ, മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെടൽ തുടങ്ങിയ കാര്യങ്ങളാണ് വിദേശികൾക്കെതിരെയുള്ള കുറ്റപത്രത്തിൽ ഉള്ളത്.