ന്യൂഡല്‍ഹി: വടക്കു കിഴക്കൻ ഡല്‍ഹിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സംഘര്‍ഷപ്രദേശങ്ങളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 24 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി യോഗം ചേര്‍ന്നു. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമാധാനം ഉറപ്പാക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. സംഘർഷ മേഖലയില്‍ 35 കമ്പനി അധിക അർധ സൈനിക വിഭാഗത്തെ നിയോഗിക്കാനും തീരുമാനമായി.
ഡല്‍ഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ, പൊലീസ് കമ്മീഷണർ അമൂല്യ പട്‌നായിക്, കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്ര, ബിജെപി നേതാക്കളായ മനോജ് തിവാരി, രാംവീർ ബിദുരി തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു. സംഘര്‍ഷത്തില്‍ ഇതുവരെ പൊലീസുകാരനുൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.