അയോധ്യ: അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് നിരോധിത തീവ്രവാദ സംഘടനയുടെ ഭീഷണി. ഖലിസ്ഥാന്‍ തീവ്രവാദിയും സിഖ് ഫോര്‍ ജസ്‌റ്റിസ് നേതാവുമായ ഗുര്‍പത്‌വന്ത് സിങ്ങ് പന്നുന്‍ ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. അയോധ്യയിലെ ശ്രീരാമ ക്ഷേത്രം ആക്രമിച്ച് അടിത്തറ ഇളക്കുമെന്നായിരുന്നു ഭീഷണി. നവംബര്‍ 16 നും 17 നും ആക്രമണം നടത്തുമെന്നായിരുന്നു പന്നുന്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തില്‍ ആരാധന നടത്തുന്നതും വീഡിയോയിലുണ്ട്. ഹിന്ദുത്വ ആശയങ്ങളുടെ ആധാര ശിലയായ രാമക്ഷേത്രത്തിന്‍റെ അടിത്തറയിളക്കുമെന്നായിരുന്നു വീഡിയോ സന്ദേശം. തുടര്‍ന്ന് രാമക്ഷേത്രവും അയോധ്യാ നഗരവും കനത്ത സുരക്ഷാ വലയത്തിലാക്കി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്ഷേത്രം സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ക്ഷേത്രത്തിലെ ദര്‍ശന വഴിയിലടക്കം ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ യുപി പൊലീസിന്‍റെ സുരക്ഷാ വിഭാഗം എസ് പി ബല്‍റാം ചാരി ദുബെ അവലോകനം ചെയ്‌തു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഖലിസ്ഥാന്‍ ഭീകരന്‍ പന്നുന്‍ പുറത്തു വിട്ട വീഡിയോ പരിശോധിച്ചു വരികയാണെന്ന് അയോധ്യ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അശുതോഷ് തിവാരി പറഞ്ഞു. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് സുരക്ഷ ഉറപ്പു വരുത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഇത്തരം ഭീഷണി സന്ദേശങ്ങള്‍ മുമ്പും ലഭിച്ചിട്ടുണ്ടെന്ന് ഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു. "എങ്കിലും ഞങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ പുനരവലോകനം ചെയ്യുകയാണ്" ഐജി പറഞ്ഞു.
നേരത്തേ ആഗസ്‌റ്റ് 22 നും സമാനമായ ഭീഷണി ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്‌റ്റിന്‍റെ ഹെല്‍പ്പ് ഡെസ്‌ക് മൊഭൈല്‍ നമ്പറില്‍ ലഭിച്ചിരുന്നു. അന്ന് വാട്‌സ് ആപ്പിലായിരുന്നു ഭീഷണി സന്ദേശം വന്നത്. രാമക്ഷേത്രം തകര്‍ത്ത് പള്ളി പണിയുമെന്നായിരുന്നു സന്ദേശം. ഇതേക്കുറിച്ച നടത്തിയ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 14 ന് ബീഹാറിലെ ഭാഗല്‍പ്പൂരില്‍ നിന്ന് മൊഹമ്മദ് മഖ്‌സൂഖ് എന്നയാളെ യുപി എടിഎസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
അതിനു മുമ്പ് മെയ് 28 ന് ഇന്സ്‌റ്റാ ഗ്രാമിലും അയോധ്യാ രാമക്ഷേത്രം തകര്‍ക്കുമെന്ന ഭീഷണി സന്ദേശം എത്തിയിരുന്നു. അന്ന് കുഷിനഗറില്‍ നിന്നുള്ള മനോ നില തെറ്റിയ 16 കാരനെ സംഭവവുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്തിരുന്നു.
Also Read: അയോധ്യയിലെ തിലകോത്സവം: സീതയുടെ നാട്ടില്‍ നിന്നും ഇത്തവണ സമ്മാനങ്ങളെത്തും