ന്യൂഡൽഹി: കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള തീരുമാനം എടുക്കുമെന്ന് കേന്ദ്ര സർക്കാർ. 20,400 വിദേശികളെ നാട്ടിലെത്തിച്ചതായും അധികൃതർ അറിയിച്ചു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾക്ക് വേണ്ടിയുള്ള അഭ്യർഥനകൾ വരുന്നുണ്ട്. ഇന്ത്യയുടെ സ്റ്റോക്കിൽ 3.28 കോടി ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഉണ്ടെന്നും ആഭ്യന്തര ആവശ്യങ്ങൾ അവലോകനം ചെയ്ത ശേഷം വരുന്ന മരുന്നുകൾ കയറ്റുമതി ചെയ്യാൻ തീരുമാനിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 146 സർക്കാർ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. 67 സ്വകാര്യ ലാബുകൾക്ക് കൊവിഡ് -19 പരിശോധനക്ക് അനുമതി നൽകിയിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷണലുകളോട് മോശമായി പെരുമാറിയ സംഭവങ്ങൾ അവരുടെ മനോവീര്യം കുറയ്ക്കുമെന്നും ജനങ്ങൾ അവർക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കൊവിഡ് സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.