മുംബൈ: ലോക്ക് ഡൗണിനെ തുടർന്ന് സ്വദേശത്തേക്ക് തിരികെ പോകുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവിൽ മഹാരാഷ്‌ട്ര സർക്കാർ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. വിഷയത്തിൽ മഹാരാഷ്‌ട്ര സർക്കാർ തീരുമാനം പരസ്യപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മെഡിക്കൽ സ്‌ക്രീനിങ്, യാത്രാ ചെലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച മൂന്ന് പൊതു താൽപര്യ ഹർജികൾ പരിഗണിക്കുമ്പോൾ ആയിരുന്നു ജസ്റ്റിസ് എസ്.സി ഗുപ്‌തയുടെ പരാമർശം.
അഭിഭാഷകരായ ഗായത്രി സിങ്, ക്രാന്തി എൽസി, റോനിത ബെക്‌ടർ എന്നിവരാണ് പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ചത്. തൊഴിലാളികൾക്കും ചേരി നിവാസികൾക്കും ഭവനരഹിതർക്കും സംസ്ഥാനം ആവശ്യമായ സഹായങ്ങൾ നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 2005ലെ ദുരന്തനിവാരണ നിയമപ്രകാരം നേരത്തെ നൽകിയ ഉത്തരവുകൾ പരിഷ്‌കരിച്ചെന്നും സൗജന്യമായി മെഡിക്കൽ സ്ക്രീനിങ് നൽകുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന് കൂടുതൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. റെയിൽ നിരക്ക് സബ്‌സിഡിയിൽ കേന്ദ്രസർക്കാരിന്‍റെ നിലപാടും അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയിൽ സ്ഥിരീകരിച്ചു