ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ കുട്ടികൾക്ക് വിളമ്പിയ ഉച്ച ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിനോദ് കുമാര്‍, അധ്യാപകരായ സഞ്ജീവ് കുമാര്‍, മുന്നു പ്രസാദ്, ബബിത എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന എന്‍.ജി.ഒ ആയ ഹാപൂരിലെജാന്‍ കല്ല്യാണ്‍ സന്‍സ്‌ത സമതിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
മുസാഫര്‍നഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചൊവ്വാഴ്‌ച്ചയാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തില്‍ നിന്ന് ചത്ത എലിയെ കണ്ടെത്തിയത്. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ഉച്ചഭക്ഷണം കഴിച്ചവരില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിന് വിളമ്പിയ പരിപ്പില്‍ നിന്നാണ് എലിയെ കിട്ടിയതെന്ന് കുട്ടികളില്‍ ഒരാള്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്താനും ഉത്തരവാദികളെ കസ്‌റ്റഡിയിലെടുക്കാനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാര്‍ സിങ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേരെ നാല് പേരെ കസ്‌റ്റഡിയിലെടുത്തിരുന്നത്. അശ്രദ്ധ മൂലമാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും എന്‍ജിഒക്കെതിരെ നടപടി എടുക്കുമെന്നും പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ റാം സാഗര്‍ ത്രിപാഠി പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്‌ച സോനാബാന്ദ്ര ജില്ലയിലെ ഒരു പ്രൈമറി വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അമിതമായി വെള്ളം ചേര്‍ത്ത പാല്‍ നല്‍കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു ലിറ്റര്‍ പാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കലക്കിയാണ് 81 വിദ്യാര്‍ഥികൾക്ക് വിതരണം ചെയ്‌തത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മിര്‍സാപൂര്‍ ജില്ലയിലെ സ്‌കൂളില്‍ ഉച്ചഭക്ഷണമായി കുട്ടികള്‍ക്ക് റൊട്ടിയും ഉപ്പും നല്‍കിയതും വന്‍ വിവാദമായിരുന്നു.