ന്യൂഡല്‍ഹി: ദൂരദര്‍ശനും ആള്‍ ഇന്ത്യ റേഡിയോയും വെള്ളിയാഴ്‌ച മുതല്‍ പാകിസ്ഥാന്‍ അധിനിവേശ കശ്‌മീരിലെ മിര്‍പൂര്‍, മുസാഫറാബാദ്, ഗില്‍ഗിറ്റ് എന്നിവിടങ്ങളിലെ കാലാവസ്ഥ വാര്‍ത്തകള്‍ തങ്ങളുടെ പ്രൈ ടൈം വാര്‍ത്ത ബുള്ളറ്റില്‍ ഉള്‍പ്പെടുത്തി തുടങ്ങി. വേനല്‍കാല താപനില ഉയര്‍ന്നതോടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളുടേയും സമഗ്രമായ കാലാവസ്ഥ കവറേജ് ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും പ്രക്ഷേപണം ചെയ്യുമെന്ന് പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗില്‍ഗിറ്റ് ഉള്‍പ്പടെ പാക് അധിനിവേശ കശ്‌മീര്‍ പ്രദേശങ്ങളായ മീര്‍പൂര്‍, മുസാഫറാബാദ് പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്രം വാദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കങ്ങള്‍. 2019 ആഗസ്റ്റില്‍ ജമ്മു-കശ്‌മീര്‍ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയത് മുതല്‍ പ്രതിദിന കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരമുള്ള പ്രദേശങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് ഐഎംഡി ഡയറക്ടർ ജനറൽ എം. മോഹൻപത്ര പറഞ്ഞു.
ദേശീയ കാലാവസ്ഥാ വകുപ്പിന്‍റെ പ്രദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മെയ് അഞ്ച് മുതല്‍ പാക് അധിനിവേശ പ്രദേശങ്ങളായ ഗില്‍ഗിറ്റ് -ബാള്‍ട്ടിസ്ഥാന്‍, മുസാഫറാബാദ് എന്നിവിടങ്ങള്‍ ഉള്‍പ്പെടുത്തി കാലാവസ്ഥ പ്രവചന നടപടികള്‍ ആരംഭിച്ചിരുന്നു. അതേസമയം പാക്കിസ്ഥാന്‍ സുപ്രീം കോടതി ഗിൽജിത്-ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചിരിക്കുകയാണ്. ഇതില്‍ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചു.