കൊല്‍ക്കത്ത: പ്രകൃതി ദുരന്തങ്ങൾക്ക് കൂടുതൽ സാക്ഷിയാകുന്ന ഒരു രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് ദശകത്തിനിടെ ഇന്ത്യയുടെ കിഴക്കൻ തീരം നിരവധി ചുഴലിക്കാറ്റുകൾക്കാണ് സാക്ഷ്യം വഹിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ആണ് ഈ പട്ടികയിൽ ഏറ്റവും ഒടുവിലുള്ളത്. ഒഡീഷയെയും വെസ്റ്റ് ബംഗാളിനെയും നിരവധി ജില്ലകളെ പൂർണമായും ചുഴലിക്കാറ്റ് നശിപ്പിച്ചിട്ടുണ്ട്. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് വെസ്റ്റ് ബംഗാളിൽ 80 പേരാണ് മരിച്ചത്. സംസ്ഥാനങ്ങളെ പഴയ രീതിയിലേക്ക് മാറ്റാനുള്ള അക്ഷീണ പരിശ്രമത്തിലാണ് ഇരു സംസ്ഥാനങ്ങളിലെയും അധികൃതർ. കഴിഞ്ഞ വർഷങ്ങളിലുണ്ടായ ഫാനി, ബുൾബുൾ ചുഴലിക്കാറ്റും നാശനഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ വളരെ വലുതാണ്. 1737ൽ വെസ്റ്റ് ബംഗാളിലേക്ക് വന്ന ചുഴലിക്കാറ്റിൽ 300,000ത്തോളം പേരാണ് മരിച്ചത്.
പശ്ചിമ ബംഗാളിലേക്ക് ആഞ്ഞടിച്ച ചുഴലിക്കാറ്റുകൾ
1. 1737 ഒക്ടോബർ 7-12 വരെ സംസ്ഥാനത്തുണ്ടായ ആദ്യത്തെ ചുഴലിക്കാറ്റ് സുന്ദർബൻസിലൂടെ തീരം തൊടുകയും 12 മീറ്റർ ഉയരത്തിൽ വരെ എത്തുകയുമായിരുന്നു.
2. 1833ൽ സാഗർ ദ്വീപ് കടന്ന് വന്ന മറ്റൊരു ചുഴലിക്കാറ്റിനെ തുടർന്ന് 30,000 ത്തോളം ആളുകൾ സംസ്ഥാനത്ത് മരിച്ചു.
3. പശ്ചിമ ബംഗാളിലെ കോണ്ടായിക്ക് സമീപം 1864 ഒക്ടോബർ 2-5 തീയതികളിലുണ്ടായ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 30,000 പേരും വെള്ളപ്പൊക്കത്തിന്‍റെ അനന്തരഫലമായി 30,000 പേരും മരിച്ചു. ഒമ്പത് മീറ്റർ ഉയരത്തിലാണ് തിരമാലകൾ ഉയർന്നത്.
4. 1942ൽ ഉണ്ടായ ചുഴലിക്കാറ്റിൽ 19,000 മനുഷ്യരും 60,000ത്തോളം കന്നുകാലികളും സംസ്ഥാനത്ത് മരിച്ചു. മൂന്ന് മീറ്റർ മുതൽ അഞ്ച് മീറ്റർ ഉയരത്തിലാണ് തിരമാലകൾ ഉയർന്നത്.
5. 1942ലുണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് മിഡ്‌നാപൂർ ജില്ലയിൽ വെള്ളപ്പൊക്കമുണ്ടാകുകയും ഉപ്പുവെള്ളം വയലുകളിൽ കയറി വിളകൾ നശിച്ചു
6. 1971ൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് സുന്ദർബൻ പ്രദേശത്ത് 60 പേർ മരിക്കുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരുമായി.
7.1981 ഡിസംബർ 10ന് ഉണ്ടായ കൊടുങ്കാറ്റിൽ 24 പർഗാനയിലെ ജില്ലകളിൽ ഒരു മില്യൺ ആളുകളെ ബാധിക്കുകയും 200ഓളം പേരുടെ മരണത്തിന് കാരണമായി.
8. 2009 മെയ് 23-26 തീയതികളിൽ സാഗർ ദ്വീപിന്‍റെ കിഴക്കുവശത്തുകൂടി കടന്നുപോയ ചുഴലിക്കാറ്റിൽ 137 മനുഷ്യരും 50,000ത്തോളം കന്നുകാലികളും കൊല്ലപ്പെട്ടു
9. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കൊൽക്കത്തയിൽ 100 കിലോമീറ്റർ വേഗതയിലാണ് ഫാനി ചുഴലിക്കാറ്റ് കടന്നുപോയത്. തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാക്കി.
10. 2019 നവംബർ മാസത്തിൽ ബുൾബുൾ ചുഴലിക്കാറ്റ് ബംഗാളിലെ സുന്ദർബൻ ഡെൽറ്റയിലെ സാഗർ ദ്വീപിനും മണ്ണിടിച്ചിൽ ഉണ്ടാക്കി.