ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്‌ച സര്‍വീസ് നടത്താനിരുന്ന ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. നേരത്തെ മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയിരുന്നത്. ശനിയാഴ്‌ചയിലെ ഒരു ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. വിമാന കമ്പനികളും സര്‍വീസ് റദ്ദാക്കി. ബുധനാഴ്‌ച സര്‍വീസ് നടത്തേണ്ട 49 വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. സാഹചര്യം പരിശോധിച്ച് വരും ദിവസങ്ങളിലെ സര്‍വീസിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് അടുത്ത വിമാനങ്ങളില്‍ തന്നെ യാത്രാ സൗകര്യമൊരുക്കുമെന്നും അധിക ചാര്‍ജ് ഈടാക്കില്ലെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്‌ച അര്‍ധരാത്രിയോടെ നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരങ്ങളിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കരയിലെത്തുമ്പോള്‍ കാറ്റിന് 145 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും മണിക്കൂറുകളിലായി ചെന്നൈയുടെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. മീനാമ്പക്കത്ത് മാത്രം 120 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.