ന്യൂഡൽഹി: നിവാർ ചുഴലിക്കാറ്റിൽ എല്ലാവിധ സഹായങ്ങളും ചെയ്യാൻ ആം ആദ്‌മി പാർട്ടി സന്നദ്ധപ്രവർത്തകരോട് തയ്യാറായിരിക്കാൻ ആഹ്വാനം ചെയ്‌ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സജ്ജരാണെന്ന് പ്രതീക്ഷിക്കുന്നതായും ആം ആദ്‌മി ദേശീയ കൺവീനർ പറഞ്ഞു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരപ്രദേശത്തുള്ളവർക്കായി തന്‍റെ പ്രാർഥനകൾ ഉണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
നവംബർ 25ന് അർധരാത്രിയോടെ കാരയ്ക്കലിനും മാമല്ലപുരത്തിനുമിടയിൽ നിവാർ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നത്. ചെന്നൈയിൽ നിന്ന് 250 കിലോമീറ്ററും പുതുച്ചേരിയിൽ നിന്നും കടലൂരിൽ നിന്ന് യഥാക്രമം 190 കിലോമീറ്ററും 180 കിലോമീറ്ററും കൊടുങ്കാറ്റ് വടക്കുപടിഞ്ഞാറൻ ഭാഗത്തേക്കും കടൽത്തീരത്തേക്കും നീങ്ങാൻ സാധ്യതയുണ്ട്. 145 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.