മുംബൈ: നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയിലെ രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഡയറക്ടർ ജനറൽ എസ്.എൻ.പ്രധാൻ അറിയിച്ചു. ഗുജറാത്ത്, ദാമൻ-ദിയു എന്നിവിടങ്ങളിൽ നിന്നും നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. പൊലീസിന്‍റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായത്തോടെ നാശനഷ്ടങ്ങൾ കുറയ്ക്കാനായി എൻഡിആർഎഫിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിസർഗയെ തുടർന്ന് മഹാരാഷ്ട്രയിൽ 21ഉം ഗുജറാത്തിൽ 16 ഉം ഉൾപ്പെടെ രാജ്യത്ത് 43 എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും എല്ലാവരോടും വീടുകളിൽ കഴിയാൻ അഭ്യർഥിക്കുന്നുവെന്നും മുംബൈ ഡിസിപി പ്രണയ അശോക് പറഞ്ഞു. നിസർഗ ചുഴലിക്കാറ്റ് ആറ് മണിക്കൂറോളം നീണ്ടുനിൽക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിട്ടുണ്ട്. ദാമനിൽ ഏകദേശം മൂവായിരത്തോളം പേരെ ഒഴിപ്പിച്ചു. തീരപ്രദേശങ്ങളിലെ പഴയ കെട്ടിടങ്ങളിലും വീടുകളിലും താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്‍റ് എ.കെ.പതക് പറഞ്ഞു.