ന്യൂഡൽഹി: ബുൾ ബുൾ ചുഴലിക്കാറ്റ് തെക്കുകിഴക്കൻ ബംഗ്ലാദേശിലും തെക്ക് ത്രിപുരയിലും ദുർബലപ്പെട്ടുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇത് ഏറ്റവും താഴ്ന്ന നിലയിലാകുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റിൽ നാശം സംഭവിച്ച ഒഡീഷയിലെ വൈദ്യുതി, പൈപ്പ് ജലവിതരണ സേവനങ്ങൾ നവംബർ 12 നകം പൂർണമായും പുന:സ്ഥാപിക്കുമെന്ന് പ്രത്യേക ദുരിതാശ്വാസ കമ്മീഷണർ ഓഫീസ് അറിയിച്ചു. ഒഡീഷയിലെ പല ജില്ലകളിലും പൂർണമായും വൈദ്യുത ബന്ധം താറുമാറായി.
പർഗാനയിലെ നംഖാനയിൽ ഹതാനിയ ഡൊനിയ നദിയിലെ രണ്ട് ബോട്ട് ജെട്ടികൾ തകർന്നു. ബുൾബുൾ ചുഴലിക്കാറ്റിനെ തുടർന്ന് ഏഴ് പേർ മരിച്ചെന്നും 4.65 ലക്ഷം പേരെ ബാധിച്ചെന്നും പശ്ചിമ ബംഗാളിലെ ദുരന്തനിവാരണ വകുപ്പും സിവിൽ ഡിഫൻസും അറിയിച്ചു. സുന്ദർബൻ വനങ്ങളിൽ വ്യാപകമായ നാശനഷ്ടമുണ്ടായതായും വിശദമായ വിലയിരുത്തൽ നടക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.