ശ്രീനഗർ: കശ്മീരിലെ സോപാറില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെയ്പില്‍ പ്രദേശവാസിയുടെ മരണത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച് സി.ആര്‍.പി.എഫ് രംഗത്ത്. സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെയ്പില്‍ സേനയുടെ വെടിയേറ്റാണ് പ്രദേശവാസി മരിച്ചതെന്ന പ്രചാരണമാണ് സുരക്ഷാസേന നിഷേധിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബമാണ് സേനയ്‌ക്കെതിരെ ആദ്യം ആരോപണമുന്നയിച്ചത്.
തീവ്രവാദികളുടെ വെടിയേറ്റാണ് പ്രദേശവാസി കൊല്ലപ്പെട്ടതെന്നും സേനയെ അവഹേളിക്കാന്‍ ചിലര്‍ മനപൂര്‍വം പ്രവര്‍ത്തിക്കുകയാണെന്നും സി.ആര്‍.പി.എഫ് എ.ഡി.ജി.പി സുള്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു. പള്ളിക്കുള്ളില്‍ മറഞ്ഞിരുന്ന തീവ്രവാദിയാണ് പ്രദേശവാസിയെ കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും സുള്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു.