ന്യൂഡൽഹി: കേന്ദ്ര റിസർവ് പൊലീസ് സേനയുടെ 82-ാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ആശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ആശംസ അറിയിച്ചത്. നമ്മുടെ രാഷ്ട്രത്തെ സുരക്ഷിതമായി നിലനിർത്തുന്നതിൽ സിആർപിഎഫ് മുൻപന്തിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സേനയുടെ ധൈര്യവും അർപ്പണബോധവും രാജ്യമൊട്ടാകെ സ്വീകാര്യമാണെന്നും. വരും വർഷങ്ങളിൽ വലിയ ഉയരങ്ങളിൽ എത്താൻ സിആർപിഎഫിന് ആകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള അർപ്പണബോധത്തിന്‍റെയും പ്രതിബദ്ധതയുടെയും പര്യായമാണ് സിആർപിഎഫ് എന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഓരോ സിആർപിഎഫ് ജവാൻമാരെയും അവരുടെ കുടുംബാംഗളെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നതായും ഉപരാഷ്ട്രപതി എം വെങ്കട്ട നായിഡു പറഞ്ഞു.
1939 ജൂലൈ 27നാണ് ക്രൗൺ റെപ്രസെൻന്‍റെറ്റീവ് പൊലീസ് എന്ന പേരിൽ സിആർപിഎഫ് നിലവിൽ വന്നത്. തുടർന്ന് 1949 ഡിസംബർ 28ന് സിആർപിഎഫ് നിയമം പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ആയി ഇത് മാറി.