ജയ്‌പൂര്‍: വെട്ടുകിളികളുടെ കൂട്ടത്തോടെയുള്ള ആക്രമണം ജോധ്പൂരിലെ സിർമാണ്ടി ഗ്രാമത്തിൽ വ്യാപകമായി കൃഷി നാശമുണ്ടാക്കി. ഇന്നലെ മുതലെത്തിയ വെട്ടുകിളികൾ പ്രദേശത്തെ ഉള്ളിയും മറ്റ് വിളകളും കൊത്തി നശിപ്പിച്ചു. വിളകൾ നശിപ്പിക്കാതിരിക്കാൻ പ്രദേശത്ത് കീടനാശിനികൾ കൃത്യസമയത്ത് തളിക്കാനും വീണ്ടും നഷ്ടം സംഭവിക്കാതിരിക്കാൻ തങ്ങളെ സഹായിക്കണമെന്നും കർഷകര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ജില്ലയിലെ ടാനോട്ട് പ്രദേശത്ത് ഏപ്രിൽ മാസത്തിൽ വെട്ടുകിളികളുടെ ആക്രമണം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് മെയ് മാസത്തിൽ സിർമാണ്ടിയിലും വെട്ടുകിളി ആക്രമണം ഉണ്ടാകുമെന്ന് ജയ്‌സാൽമർ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
ഉത്തരേന്ത്യയിൽ 'ടിഡ്ഡി ദാൽ' എന്നറിയപ്പെടുന്ന വെട്ടുകിളികൾ ഒത്തിരി ദൂരം സഞ്ചരിക്കുകയും വ്യാപകമായി വിളകൾ നശിപ്പിക്കുകയും ചെയ്യുന്നവയാണ്. ഈ വർഷം ആദ്യം രാജസ്ഥാനിലെ പല ഭാഗങ്ങളിലും വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു.