പട്ന: ജെഡിയു- ബിജെപി സർക്കാർ രൂപീകരിച്ചതിനു ശേഷം ബിഹാറില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിച്ചതായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസി യാദവ്. തെലങ്കാനയിൽ സംഭവിച്ചത് സംഭവിക്കാൻ പാടില്ലാത്തതാണ്. പ്രതികൾക്ക് കർശനമായ ശിക്ഷ ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും നിതീഷ് കുമാറിന്‍റെ ഭരണത്തില്‍ ബിഹാറിലെ ക്രമസമാധാനനില വഷളായെന്നും തേജസ്വി പറഞ്ഞു. തെലങ്കാന ബലാത്സംഗ -കൊലപാതകക്കേസിനെ അപലപിക്കുന്നതായും ആർജെഡി നേതാവ് പറഞ്ഞു. .
"ബീഹാറിൽ സ്ത്രീകൾ ഭയപ്പെട്ടാണ് ജീവിക്കുന്നത്. സംസ്ഥാനത്ത് പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ല. ബീഹാറിലെ സ്ഥിതി ഇത്തരത്തിലായതിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. കുറ്റകൃത്യങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 27നാണ് തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ഷാഡ്‌നഗർ പ്രാന്തപ്രദേശത്ത് വനിതാ മൃഗ ഡോക്ടറെ നാല് പേർ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബലാത്സംഗ, കൊലപാതകക്കേസിൽ ഉൾപ്പെട്ട നാല് പ്രതികളെ നവംബർ 29 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.