ന്യൂഡല്‍ഹി: 71ാമത് റിപ്പബ്ലിക് ദിനാഘോഷചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം കത്തയച്ചു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോൾസൊണാരോയെ മുഖ്യാതിഥിയായ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ബിനോയ് വിശ്വത്തിന്‍റെ കത്ത്.
വര്‍ഗീയത, സ്‌ത്രീ വിരുദ്ധത, ഹോമോഫോബിയ, ലിംഗവിവേചനം തുടങ്ങിയ കാര്യങ്ങളാല്‍ പ്രത്യയശാസ്‌ത്രവും നയങ്ങളും കളങ്കപ്പെടുത്തുന്ന ഒരു നേതാവിനെ റിപ്പബ്ലിക് ദിനാഘോഷചടങ്ങിലേക്ക് ക്ഷണിച്ചത് ആശ്ചര്യകരമാണ്. ഇന്ത്യയുടെ ഭരണഘടനയുടെ ധാര്‍മികതക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് ബ്രസീലിലും ആഗോളതലത്തിലും ബോൾസൊണാരോ മുന്നോട്ടുവെക്കുന്നത്. രണ്ട് മാസത്തിലേറെയായി ആമസോൺ മഴക്കാടുകൾ കത്തിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം സ്വീകരിച്ച നിസംഗതയും നിഷ്‌ക്രിയത്വവും ആഗോള പരിസ്ഥിതിക്ക് പരിഹരിക്കാനാകാത്ത നാശനഷ്‌ടമുണ്ടാക്കിയതായും ബിനോയ് വിശ്വം കത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ കരിമ്പ് കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന സഹായത്തിനെതിരെ ലോക വ്യാപാര സംഘടനയില്‍ ഉപരോധം ഏര്‍പ്പെടുത്തിയ വ്യക്തി കൂടിയാണ് അദ്ദേഹമെന്നും എംപി ഓര്‍മിപ്പിച്ചു. ബോൾസൊണാരോയെ ക്ഷണിച്ച നടപടിക്കെതിരെ പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ പ്രതിഷേധിക്കുന്നതായും ആഘോഷചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം നിരസിക്കുന്നതായും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
അതേസമയം നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി വെള്ളിയാഴ്‌ചയായിരുന്നു ബ്രസീൽ പ്രസിഡന്‍റ് ഇന്ത്യയിലെത്തിയത്.