ബിഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ (എം.എല്‍), സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളെ 16 സീറ്റുകള്‍ നേടിയെടുക്കുവാന്‍ സഹായിച്ച ഏറ്റവും വലിയ ഇടതുപക്ഷ ഐക്യം പശ്ചിമ ബംഗാളില്‍ വലിയ ഒരു തിരിച്ചടിയാണ് നേരിട്ടത്. ബിജെപിയോ അതോ തൃണമൂല്‍ കോണ്‍ഗ്രസോ ആരാണ് വലിയ എതിരാളി എന്ന ചോദ്യമാണ് ഇവിടെ ഉയര്‍ന്നത്.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താതെ ബിജെപിയെ നേരിടുക അസാധ്യമായ കാര്യമാണെന്ന് പിന്നീട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. അതേസമയം ബംഗാള്‍ അടക്കം രാജ്യത്ത് എല്ലായിടത്തും ബിജെപിയാണ് മുഖ്യ ശത്രുവെന്നായിരുന്നു സിപിഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യയുടെ നിരീക്ഷണം.
സിപിഐ (എം.എല്‍) പോളിറ്റ് ബ്യൂറോ അംഗമായ കബിത കൃഷ്ണ മമതാ ബാനര്‍ജിയെ നരേന്ദ്രമോദിയോട് ഉപമിക്കുവാന്‍ സിപിഎം നടത്തിയ ശ്രമത്തെ തുറന്നു വിമര്‍ശിച്ചിരുന്നു. “മമതാ ബാനര്‍ജിയെ മോദിയുമായി തെറ്റായ രീതിയില്‍ താരതമ്യം ചെയ്യുവാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്‍റെ ഈ “ദീദിഭായ്-മോദിഭായ്' തുലനം യാഥാർഥ്യത്തിന് നിരക്കുന്ന ഒന്നല്ല.
യഥാർഥ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് ബിജെപിയെ നേരിടുവാന്‍ തക്ക കരുത്തുള്ള ഒരു പാര്‍ട്ടിയാണെന്നും കബിത പറയുന്നു. ബംഗാളില്‍ സിപിഎം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും തമ്മില്‍ ഇല്ലാത്ത ഒരു സാമ്യത വരച്ചു കാട്ടുവാനാണ് ശ്രമിക്കുന്നത് എന്നാണ് കബിതയുടെ പക്ഷം. സിപിഎമ്മിന്‍റെ “ദീദിഭായ്-മോദിഭായ്' തത്വത്തിന് അടിസ്ഥാനമില്ലെന്നും അവര്‍ പറയുന്നു. ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിഹാറിലെ ബിജെപിയെയും ജെഡി(യു)വിനെയും പോലെ ഒരേ തൂവല്‍ പക്ഷികളായി ഉയര്‍ത്തി കാട്ടുവാനാണ് സിപിഎം ശ്രമിക്കുന്നത് എന്നാണ് കബിതയുടെ ആരോപണം.
“മത്സര സ്വഭാവത്തോടെ വര്‍ഗീയത വളർത്തുക'' ആണ് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരുപോലെ ചെയ്യുന്നത് എന്നുള്ള സിപിഎമ്മിന്‍റെ കണ്ടെത്തലും തെറ്റാണെന്ന് കബിതാ കൃഷ്ണന്‍ പറയുന്നു. സിപിഎം ഒരിക്കല്‍ പോലും മത്സര സ്വഭാവത്തോടെയുള്ള ഹിന്ദുത്വയെ കുറിച്ച് പറഞ്ഞിട്ടില്ല. തൃണമൂല്‍ കോൺഗ്രസ് മുസ്ലിങ്ങളെ പ്രീണിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി ഹിന്ദുമത മൗലികവാദം പ്രചരിപ്പിക്കുകയാണ് എന്നതായിരുന്നു സിപിഎമ്മിന്‍റെ വാദം. അതേസമയം, സിപിഎമ്മിന്‍റെ ഈ വാദത്തില്‍ നിന്നും നേട്ടമാണ് യഥാര്‍ത്ഥ്യത്തിൽ ബിജെപിക്ക് ഉണ്ടാകുന്നതെന്നും കബിത കൃഷ്ണന്‍ കൂട്ടിച്ചേർത്തു.
ഇടതു മുന്നണി അധ്യക്ഷനും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ ബിമന്‍ ബോസ് കബിതയുടെ പ്രസ്താവനയോട് രൂക്ഷമായി തന്നെ പ്രതികരിച്ചു. സ്വന്തം അഭിപ്രായം പറയുവാനുള്ള ജനാധിപത്യപരമായ അവകാശം എല്ലാവര്‍ക്കുമുണ്ട് എന്നാണ് ബോസ് മറുപടി നൽകിയത്. അത്തരം പ്രസ്താവനകളൊക്കെയും ഇടതു പക്ഷത്തെ സംബന്ധിച്ചിടത്തോളം അര്‍ത്ഥശൂന്യമാണ്. അത്തരം പ്രസ്താവനകള്‍ക്കൊന്നും തന്നെ ഞങ്ങള്‍ ആരും വിലയും കൊടുക്കില്ലെന്നും ബിമന്‍ ബോസ് പറഞ്ഞു. എന്നാല്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങളോടും അസ്വാരസ്യങ്ങളോടും വളരെ ജാഗ്രതയോടെയുള്ള സമീപനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കൈകൊണ്ടത്.
സഖ്യ തന്ത്രങ്ങളെ കുറിച്ച് തിരുമാനിക്കാനും അത് സംബന്ധിച്ച് പ്രസ്താവനകള്‍ ഇറക്കുവാനുമുള്ള ആത്യന്തികമായ അധികാരം പാർട്ടിയിൽ മമതാ ബാനര്‍ജിക്ക് മാത്രമാണ് ഉള്ളതെന്ന് ലോക്‌സഭ അംഗമായ സൗഗദ റോയ് പറഞ്ഞു. രണ്ട് ഇടതു പാര്‍ട്ടികളുടെ ആഭ്യന്തര കാര്യമാണെന്നും അതേകുറിച്ച് എന്തെങ്കിലും അഭിപ്രായം താന്‍ പറയുന്നത് ശരിയല്ലെന്നും സിപിഎമ്മിനെ അദ്ദേഹം ചൂണ്ടിക്കാട്ടി.