ന്യൂഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടന്നു. ലോകത്ത് കൊവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 9,887 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,36,657 ആയി. ഇറ്റലിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2.34 ലക്ഷമാണ്. നിലവിൽ രാജ്യത്ത് 1,15,942 സജീവ കേസുകളാണുള്ളത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 6642 ആണ്.
ഇന്ത്യയിൽ കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. 80,229 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 42,224 ആണ് സജീവ കേസുകളുടെ എണ്ണം. തമിഴ്‌നാട്ടിൽ ഇതുവരെ 28,694 കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണം 26,334 ആണ്.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ കൊവിഡ് 66.64 ലക്ഷത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ട്. ഇതുവരെ 3.91 ലക്ഷം ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു.