ഹൈദരാബാദ്: മനുഷ്യരാശിയുടെ ജീവിതത്തെയും പ്രതീക്ഷകളെയും അപ്രതീക്ഷിതമായി ബാധിച്ച ദുരന്തമാണ് കൊവിഡ്. ശക്തരായ പല രാജ്യങ്ങളുടെ സാമ്പത്തിക ശക്തിയും വാണിജ്യമേഖലയെയും തകർത്തു കഴിഞ്ഞു ഈ വൈറസ്. കൊവിഡ് വ്യാപനം ഇന്ത്യയുടെ ഭാവിതലമുറയെ പ്രതികൂലമായി ബാധിക്കുമെന്നാണ് യൂനിസെഫിന്‍റെ മുന്നറിയിപ്പ്. കുട്ടികളിൽ വളരെ വേഗത്തിലാണ് വൈറസ് ബാധിക്കുന്നു എന്ന ആശങ്കയും യൂനിസെഫ് പങ്കുവെച്ചിരുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് ഗതാഗത സംവിധാനം നിശ്ചലമാണ്, തൊഴിലുകൾ നഷ്‌ടമായി, സാധാരണ ചികിത്സാ സൗകര്യങ്ങളൊന്നും ലഭ്യമല്ല. തൊഴിൽ ലഭിക്കാത്തതോടെ കുടുംബങ്ങളുടെ വരുമാനവും നിലച്ചു. ഇതോടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പോഷകാഹാരക്കുറവും പട്ടിണിയും മൂലം കുട്ടികൾ മരിക്കുന്ന വാർത്തകൾ യൂനിസെഫിന്‍റെ മുന്നറിയിപ്പിന് ഊന്നൽ നൽകുന്നു. 118 വികസിത, വികസ്വര രാജ്യങ്ങളിൽ അടുത്ത ആറുമാസത്തിനുള്ളിൽ പ്രതിദിനം 6000 കുഞ്ഞുങ്ങൾ മരിക്കുമെന്നും യൂനിസെഫ് മുന്നറിയിപ്പ് നൽകി. എത്യോപ്യ, കോംഗോ, ടാൻസാനിയ, നൈജീരിയ, ഉഗാണ്ട, പാകിസ്ഥാൻ തുടങ്ങിയ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.
ശരിയായ പോഷകാഹാരവും അടിസ്ഥാന ചികിത്സാ സൗകര്യങ്ങളും ലഭിക്കാതെയുള്ള കുട്ടികളുടെ മരണത്തിന്‍റെ പൂർണ ഉത്തരവാദിത്തം അതത് രാജ്യത്തിനാണ്. കൃത്യസമയത്ത് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. മറിച്ചായാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിന്‍റെ അനന്തരഫലം അനുഭവിക്കും. മധ്യ ആഫ്രിക്ക, ചാഡ്, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണം വളരെ മോശമാണെന്ന് ലോകാരോഗ്യ സംഘടന, യുനിസെഫ്, ദി ലാൻസെറ്റ് ജേണൽ എന്നിവയുടെ സംയുക്ത പഠനത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 131-ാം സ്ഥാനത്താണ്.
പോഷകാഹാരക്കുറവ് എന്ന പ്രശ്‌നം ഭൂരിഭാഗവും നിയന്ത്രിക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും പ്രതിവർഷം ഏഴ് ലക്ഷം കുട്ടികൾക്ക് ജീവൻ നഷ്‌ടപ്പെടുന്നു. ഇതോടെ പോഷകാഹാരക്കുറവ് ഇല്ലായ്‌മ ചെയ്യുന്നതിനായി ആവിഷ്‌കരിച്ച പ്രധാന പദ്ധതിയായ 'പോഷൻ അഭിയാൻ' വിമർശനത്തിന് വഴിവെച്ചു. 177 രാജ്യങ്ങളിലായി 130 കോടി കുട്ടികൾക്ക് നിലവിൽ സ്‌കൂളുകളിൽ പോകാൻ കഴിയുന്നില്ല. സ്‌കൂളുകളിലെ ഉച്ചഭക്ഷണം മാത്രം ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് കുട്ടികൾ പട്ടിണിയിലാണ്.
37 രാജ്യങ്ങളിലായി ഏകദേശം 12 കോടി കുട്ടികൾക്ക് അഞ്ചാംപനി കുത്തിവെയ്പ്പ് നടത്താൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകൾ ഇന്നത്തെ പകർച്ചവ്യാധിയുടെ അപകടസാധ്യത വർധിപ്പിക്കുന്നു. ഇന്ത്യയിൽ ഏകദേശം 40 ശതമാനം കുട്ടികൾക്ക് വാക്‌സിനുകളോ വിറ്റാമിനുകളോ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ശിശുമരണ നിരക്ക് തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കും. സുസ്ഥിര മനുഷ്യ വികസന ലക്ഷ്യങ്ങൾ നേടാനുള്ള പ്രധാന ഘടകമാണ് ശിശുക്ഷേമം. മറ്റ് മേഖലകൾ കൈകാര്യം ചെയ്യുന്നതിനോടൊപ്പം തന്നെ ശിശു സംരക്ഷണവും ഭാവി തലമുറയും സർക്കാരിന്‍റെ പ്രധാന കടമയും ഉത്തരവാദിത്തവുമാണ്.