ന്യൂഡൽഹി: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മോസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചുവിളിച്ച സംഭവത്തിൽ ഏവിയേഷൻ ഡയറക്ടർ അന്വേഷണം ആരംഭിച്ചു. ഇത് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തിൽ എത്രയും വേഗം പൂർണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഏവിയേഷൻ ഡയറക്ടർ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് പോകുകയായിരുന്ന എ-360 നിയോ വിമാനത്തിന്‍റെ പൈലറ്റുമാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചുവിളിക്കുകയായിരുന്നു. ഉസ്ബക്കിസ്താൻ എയര്‍ സ്‌പേസിലെത്തിയ സമയത്താണ് വിമാനം തിരിച്ചിറക്കാന്‍ നിര്‍ദേശം നല്‍കിയത്.
മോസ്കോയിലേക്കു യാത്ര തിരിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിൽ ഇയാൾക്ക് അസുഖമുള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടാത്തതിനെ തുടര്‍ന്ന് വിമാനത്തിന് യാത്രാനുമതി നല്‍കുകയായിരുന്നു. 12.30 ന് ഡല്‍ഹിയില്‍ തിരിച്ചിറങ്ങിയ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം ഇതോടെ ക്വാറന്‍റൈനിലാക്കി. ഇതിന് പിന്നാലെ എയര്‍ ഇന്ത്യ മറ്റൊരു വിമാനം മോസ്‌ക്കോയിലേക്ക് അയച്ചു.