ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.93 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ നേട്ടമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടായി 156 ദിവസം പിന്നിടുമ്പോള്‍ 49,980 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വ്യാപിച്ച് 23 ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ മരണസംഖ്യ 50,000 കടന്നിരുന്നു. 95 ദിവസം കൊണ്ട് ബ്രസീലിലും 141 ദിവസം കൊണ്ട് മെക്‌സിക്കോയിലും മരണസംഖ്യ 50,000 കടന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതും വേഗത്തില്‍ രോഗം കണ്ടെത്താന്‍ സാധിച്ചതുമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക് പിടിച്ചുകെട്ടാന്‍ സാധിച്ചതെന്ന് മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. ആശ വര്‍ക്കര്‍മാരുടെ അശ്രാന്ത പരിശ്രമം ഈ നേട്ടത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പറഞ്ഞു. മെച്ചപ്പെട്ട ചികിത്സ സംവിധാനമൊരുക്കിയതും കൊവിഡ് മരണ നിരക്കില്‍ കുറവുണ്ടാക്കി.
രാജ്യത്ത് കൊവിഡ് മുക്തിനിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. 72 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,322 പേരാണ് രോഗമുക്തരായത്. ഇതുവരെ മൂന്ന് കോടിയോളം സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. ശനിയാഴ്‌ച മാത്രം 7,46,608 സാമ്പിളുകളാണ് പരിശോധിച്ചത്. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലായി 1,469 ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,490 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 944 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് ഇതുവരെ 25,89,682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 18,62,258 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 6,77,444 പേരാണ് ചികിത്സയില്‍ കഴിയുന്നത്.