ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു. 24 മണിക്കൂറിനിടെ 891 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ബുധനാഴ്‌ച റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്‌ച 879 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് കേസുകള്‍ 10000 കടക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനമാണ് തെലങ്കാന. നേരത്തെ ആന്ധ്രാ പ്രദേശും 10,000 കേസുകള്‍ കടന്നിരുന്നു. നിലവില്‍ 10,331 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. മൂന്നാഴ്‌ച കൊണ്ട് തെലങ്കാനയില്‍ ഏഴായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 24 മണിക്കൂറിനിടെ അഞ്ച് മരണവും തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 225 ആയി. 137 പേര്‍ രോഗവിമുക്തി നേടി. ഇതുവരെ 4361 പേരാണ് രോഗവിമുക്തി നേടി ആശുപത്രി വിട്ടത്.
ഗ്രേറ്റര്‍ ഹൈദരാബാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്‌ച 719 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രംഗറെഡ്ഡി, മെഡ്‌ചാല്‍, ഹൈദരാബാദ് അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി 141 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു. 2192 പേരാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഹോം ക്വാറന്‍റൈയിനില്‍ കഴിയുന്നത്.