ചെന്നൈ: തമിഴ്‌നാട്ടില്‍ 2,710 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്‌ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 62,087 ആയി ഉയര്‍ന്നു. 37 കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. 794 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1,487 പേര്‍ ചെന്നൈയില്‍ നിന്നുള്ളവരാണ്. തിങ്കളാഴ്‌ച 25,234 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. 1,358 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 34,112 ആയി.
തമിഴ്‌നാട്ടില്‍ 46 സർക്കാർ ലാബുകളിലും 41 സ്വകാര്യ ലാബുകളിലുമാണ് കൊവിഡ് പരിശോധന നടത്തുന്നത്. കൊവിഡ് പരിശോധന നടത്താൻ ഒരു സ്വാകര്യ ലാബിന് കൂടെ ഇന്ന് അനുമതി നല്‍കി. മധുര, കെ. കെ.നഗറിലെ എൻഡോകെയർ ഡയഗ്നോസ്റ്റിക് സെന്‍ററിനാണ് അനുമതി ലഭിച്ചത്. സംസ്ഥാനത്ത് ഇതിനോടകം 8,56,475 സാമ്പിളുകൾ കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. 642 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.