ന്യൂഡൽഹി: അമേരിക്കയിലെ കാഴ്ചബംഗ്ലാവിൽ കടുവക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയതിനു പിന്നാലെ, രാജ്യത്തെ മുഴുവന്‍ കാഴ്ചബംഗ്ലാവുകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ച് ഇന്ത്യ. മൃഗങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള അസ്വാസ്ഥ്യങ്ങള്‍ കാണിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് കാഴ്ചബംഗ്ലാവുകളുടെ ഉന്നത സമിതിയായ സെന്‍ട്രല്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യ (സി ഇസഡ് എ ഐ) നിര്‍ദേശിച്ചു. അസുഖം ഉള്ളതായി സംശയിക്കുന്ന മൃഗങ്ങളുടെ സ്രവങ്ങള്‍ ശേഖരിച്ച് കൊവിഡ് പരിശോധനക്കായി മൃഗാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അയക്കാനും ഇന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ 160 കാഴ്ചബംഗ്ലാവുകളിലായി 56,800 മൃഗങ്ങളെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. മാര്‍ച്ച് 25 മുതല്‍ ദേശീയ തലത്തില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണിനെ തുടര്‍ന്ന് നിലവില്‍ ഇന്ത്യയിലെ കാഴ്ചബംഗ്ലാവുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ആവശ്യമായ സുരക്ഷാ ഉപാധികള്‍ സ്വീകരിക്കാതെ മൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് കാഴ്ചബംഗ്ലാവിലെ പരിപാലകര്‍ക്ക് സി ഇസഡ് എ ഐ നിര്‍ദേശം നൽകിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് കാഴ്ചബംഗ്ലാവിലെ പെണ്‍പുലിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് 19 ബാധിക്കുന്ന ലോകത്തെ ആദ്യ മൃഗമാണ് ഈ കടുവ.