ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ വിജയകരമെന്ന് സംസ്ഥാന ആരോഗ്യ വിഭാഗം. 17 കേന്ദ്രങ്ങിലാണ് ശനിയാഴ്‌ച ഡ്രൈ റണ്‍ നടന്നത്. ഡ്രൈ റണ്‍ പ്രക്രിയ വിജയമായിരുന്നെന്നും വളരെ നല്ലൊരു അനുഭവമായിരുന്നെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്‌ണന്‍ വ്യക്തമാക്കി. ചെന്നൈ, തിരുവല്ലൂര്‍, നീലഗിരി, തിരുനെല്‍വേലി എന്നിവടങ്ങളില്‍ മൂന്ന് കേന്ദ്രങ്ങള്‍ വീതവും കോയമ്പത്തൂരില്‍ അഞ്ച് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടന്നത്. ലോകാരോഗ്യ സംഘടന പ്രതിനിധികളും യൂണിസെഫ് പ്രതിനിധികളും ഡ്രൈ റണ്‍ വിലയിരുത്താന്‍ എത്തിയിരുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍, ഇന്‍റര്‍നെറ്റ് കണക്ടവിറ്റി തുടങ്ങിയ സാങ്കേതിക പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി തന്നെ നടന്നു. ഡ്രൈ റണ്ണുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മാറ്റങ്ങൾ കേന്ദ്രത്തോട് നിര്‍ദേശിക്കുമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പുകളുടെ മാനേജ്‌മെന്‍റും കേന്ദ്രങ്ങളിലെ വാക്‌സിന്‍ വിതരണവും മൊബൈല്‍ ആപ്ലിക്കേഷനുമെല്ലാം കൂടുതല്‍ പഠനത്തിന് വിധേയമാക്കേണ്ടതാണ്. വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്ന സമയത്ത് ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടാകണം. ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താം. കേന്ദ്രത്തിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക വാതിലുകള്‍ വേണം. കുത്തിവെപ്പിന് ശേഷം മൊബൈലുകളില്‍ മെസേജ് വരും. വാക്‌സിന്‍ കുത്തിവെപ്പിനായി ആറ് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സോണുകള്‍ തിരിച്ച് സംസ്ഥാനത്തെ ജില്ലകളില്‍ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. കുത്തിവെപ്പിനായി 45,200 സൈറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 51 വാക്ക്-ഇൻ കൂളറുകളും 2.5 കോടി ആമ്പ്യൂളുകൾ സംഭരിക്കാനുള്ള ശേഷിയുള്ള 2,800 കോൾഡ് സ്റ്റോറേജ് പോയിന്റുകൾ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.