ന്യൂഡല്‍ഹി: രാജ്യത്ത് കൃത്യമായ തിരച്ചറില്‍ രേഖയുള്ള ഡല്‍ഹി നിവാസികൾക്ക് മാത്രമായിരിക്കും ഇനി കൊവിഡ് ചികിത്സ അനുവദിക്കൂയെന്ന് ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു. താമസസ്ഥലം തെളിയിക്കുന്ന കൃത്യമായ തിരച്ചറിയല്‍ രേഖ രോഗികൾ ഹാജരാക്കണം. സർക്കാർ, സ്വകാര്യ ആശുപത്രികൾക്കാണ് സർക്കാർ ഇത് സംബന്ധിച്ച നിർദേശം നല്‍കിയത്. ജൂൺ ഏഴിന് പുറത്തിറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിർദേശം. പ്രതിദിനം സംസ്ഥാനത്ത് രോഗികളുടെ എണ്ണം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ആശുപത്രികളില്‍ കിടക്കൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യക്കാർ ഗണ്യമായി ഉയർന്നതോടെയാണ് സർക്കാരിന്‍റെ നീക്കം.
വോട്ടർ ഐഡി, ബാങ്ക്, പോസ്റ്റ് ഓഫീസ്, കിസാൻ പാസ്ബുക്ക്, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആദായ നികുതി, ടെലിഫോൺ, ജല - വൈദ്യുതി ബില്‍ എന്നീ സാധൂകരിക്കുന്ന രേഖകൾ ഹാജരാക്കിയാല്‍ മാത്രമേ ചികിത്സ നല്‍കൂ. രോഗിയുടെ പേരിലോ രോഗിയുമായി അടുത്ത ബന്ധമുള്ളവരോ രക്ഷക്കർത്താകളുടെയോ പേരിലുള്ളതായിരിക്കണം രേഖകൾ. പ്രായ പൂർത്തിയാകാത്ത കുട്ടികളുടെ ചികിത്സക്ക് മാതാപിതാക്കളുടെ ആദാർ കാർഡ് ഹാജരാക്കണം. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ഉത്തരവ് നിലവില്‍ വന്നത്. നിർദരരായ രോഗികളുടെ പ്രവേശനത്തിനായി എല്ലാ ആശുപത്രിയിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെല്‍പ് ഡെസ്ക്കുകൾ സ്ഥാപിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഈ ഹെൽപ്പ് ഡെസ്ക് 12 മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കും. ഡൽഹിയിലെ എൻസിടിയിലെ രണ്ട് ഉദ്യോഗസ്ഥരും രാത്രി ഡ്യൂട്ടി സമയത്ത് ഒരു കോൺസ്റ്റബിളും ഇതില്‍ ഉൾപ്പെടും. ബന്ധപ്പെട്ട ആശുപത്രികൾ ഉദ്യോഗസ്ഥർക്ക് അനുയോജ്യമായ സ്ഥലവും ആവശ്യമായ സീറ്റിങ് ക്രമീകരണവും നൽകുമെന്നും നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഡല്‍ഹിയിൽ 27,654 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 16,229 പേർ ചികിത്സയിലാണ്. 10,664 രോഗമുക്തി നേടുകയും 761 മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.