ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം സംബന്ധിച്ച് കൃത്യമായ വിലയിരുത്തലുകള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്‌ച പുതിയതായി 773 പെസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,194 ആയി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നുണ്ട്. ഇന്ന് രാജ്യത്ത് 149 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം 492 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. ഒരു ചെറിയ പാളിച്ച പോലും വലിയ രീതിയില്‍ ബാധിക്കുമെന്നും അതിനാല്‍ എല്ലാവരും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൂടുതല്‍ കൊവിഡ് കെയര്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതുപോലെ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. കൊവിഡ് അധിക ബാധിത മേഖലയായി കണക്കാക്കുന്ന പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം സെക്രട്ടറി പുനിയ സലില ശ്രീവാസ്‌തവ പറഞ്ഞു. രാജ്യത്തെ 206 ലാബുകളില്‍ കൊവിഡ് പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ 1,21,271 കൊവിഡ് പരിശോധനകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.