റായ്‌പൂര്‍: എല്ലാ നഗരപ്രദേശങ്ങളിലും സെക്ഷൻ 144 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് നിരോധനാജ്ഞ. മരുന്നുകളും റേഷനും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ എല്ലാ ജില്ലാ കലക്ടർമാർക്കും പൊലീസ് സൂപ്രണ്ടിനും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നിർദ്ദേശങ്ങൾ നൽകിയത്.
എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. സ്‌പാ, ബ്യൂട്ടി പാർലറുകൾ, മാളുകൾ, ഡിപ്പാർട്ട്‌മെന്‍റല്‍ സ്റ്റോറുകൾ, നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ, കോച്ചിംഗ് സെന്‍ററുകള്‍, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവ അടച്ചുപൂട്ടാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. റെയ്‌ഗറിലും ജഗദൽപൂരിലും കൊവിഡ് 19 പരിശോധനയ്ക്കായി ലാബുകൾ ക്രമീകരിക്കാനുള്ള നിർദ്ദേശവും എല്ലാത്തരം പരിശീലന പരിപാടികളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.