ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 62.42 ശതമാനമായി ഉയർന്നതായും മരണനിരക്ക് 2.72 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ ചികിത്സയിലുള്ളവരേക്കാൾ ഏതാണ്ട് രണ്ടിരട്ടിയോളം പേര്‍ രാജ്യത്ത് രോഗമുക്തരായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്‌ച വരെ ഇന്ത്യയിൽ 793,802 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 21,604 പേർ രോഗം ബാധിച്ച് മരിച്ചു. 276,882 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 495,515 പേര്‍ രോഗമുക്തി നേടി.
ദേശീയ ശരാശരിയേക്കാൾ കൂടുതൽ രോഗമുക്തി നിരക്കുള്ള 18 സംസ്ഥാനങ്ങളാണുള്ളത്. രോഗമുക്തി നിരക്ക് ഉയര്‍ന്ന സംസ്ഥാനങ്ങളിലെ കണക്കുകൾ: പശ്ചിമ ബംഗാൾ (64.94 ശതമാനം), ഉത്തർപ്രദേശ് (65.28 ശതമാനം), ഒഡിഷ (66.13 ശതമാനം), മിസോറം (67.51 ശതമാനം), ജാർഖണ്ഡ് (68.02 ശതമാനം), പഞ്ചാബ് (69.26 ശതമാനം), ബിഹാർ (70.40 ശതമാനം) ), ഗുജറാത്ത് (70.72 ശതമാനം), മധ്യപ്രദേശ് (74.85 ശതമാനം), ഹരിയാന (74.91 ശതമാനം), ത്രിപുര (75.34 ശതമാനം), രാജസ്ഥാൻ (75.65 ശതമാനം), ഡല്‍ഗഹി (76.81 ശതമാനം), ചണ്ഡിഗഡ് (77.06 ശതമാനം) ), ഛത്തീസ്‌ഗഡ് (78.99 ശതമാനം), ഉത്തരാഖണ്ഡ് (80.85 ശതമാനം), ലഡാക്ക് (86.73 ശതമാനം), ഹിമാചൽ പ്രദേശ് (74.21 ശതമാനം).
മണിപ്പൂർ, നാഗാലാൻഡ്, മിസോറം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, സിക്കിം, ത്രിപുര, ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു എന്നിവിടങ്ങളില്‍ കൊവിഡ് മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അതേസമയം രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, ജമ്മു കശ്മീർ, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മരണനിരക്ക് രണ്ട് ശതമാനത്തിൽ കൂടുതലാണ്.
രാജ്യത്തുടനീളം ഇതുവരെ 11,024,491 സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 283,659 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 1,218 കൊവിഡ് ആശുപത്രികളും 2,705 കൊവിഡ് ആരോഗ്യ കേന്ദ്രങ്ങളും 10,301 കൊവിഡ് പരിചരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.