ചണ്ഡിഗഡ്: കൊവിഡ് -19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ നീക്കി ഇളവ് അനുവദിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടു. ഞാറാഴ്ചകളിലെ ലോക്ക് ഡൗണും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, മാസ്‌കുകളും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി നടപ്പാക്കണമെന്നും അദ്ദേഹം ഡിജിപിയ്ക്ക് നിർദേശം നൽകി.
കേന്ദ്രത്തിന്‍റെ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി സംസ്ഥാനത്ത് വിവാഹ ചടങ്ങുകളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ പരിധി 100 ആക്കി ഉയർത്തി. ഇതോടൊപ്പം ബസുകളിൽ 50 ശതമാനം യാത്രക്കാരെ അനുവദിക്കാനും തീരുമാനമായി. കൊറോണ വൈറസ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ ഡിജിപി ദിങ്കർ ഗുപ്തയോട് നിർദേശിച്ചു. മാസ്ക് ധരിക്കാത്തവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പും തമ്മിൽ ചർച്ചകൾക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങളിലും പട്ടണങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.