ന്യൂഡൽഹി: രാജ്യത്തെ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തനം ഉടനെ പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു. അതിന് മുന്നോടിയായി കൊവിഡ് വ്യാപനമില്ലാതെ സുരക്ഷിതമായ യാതയ്‌ക്കുള്ള മാർഗനിർദേശങ്ങൾ സർക്കാർ തയ്യാറാക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബസ് ആന്‍റ് കാർ ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യയിലെ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ലോക്ക് ഡൗണിന് ശേഷമുള്ള പൊതു ഗതാഗത സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചത്. സാമൂഹിക അകലം പാലിച്ചും മറ്റ് സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചും പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തി കൊണ്ടായിരിക്കും ഗതാഗത സൗകര്യങ്ങൾ കൊണ്ടുവരിക. റോഡ് ഗതാഗതവും ദേശീയപാതയിലെ പൊതുവാഹനങ്ങളുടെ യാത്രസർവീസുകളുമാണ് മാർഗനിർദേശങ്ങൾ പാലിച്ച് കൊണ്ട് വീണ്ടും ആരംഭിക്കുവാനായി തീരുമാനിച്ചിരിക്കുന്നത്.
ലോക്ക് ഡൗണിലെ പ്രതിസന്ധികളെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഇപ്പോൾ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗഡ്‌കരി പറഞ്ഞു. അതേസമയം, നിലവിലെ സ്ഥിതിയെ ആഗോള വിപണിയുമായി ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ ഗുണകരമായ രീതിയിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാമ്പത്തിക നിക്ഷേപകരോട് കേന്ദ്രമന്ത്രി നിർദേശിച്ചു. കൊവിഡ് മൂലം ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ, ചൈനയുമായി വ്യാപാരബന്ധങ്ങളിൽ ഏർപ്പെടാൻ പല രാജ്യങ്ങളും തയ്യാറല്ല. അതിനാൽ തന്നെ ജപ്പാന്‍റെ പ്രവർത്തനങ്ങൾ പോലെ ആഗോളവിപണിയിൽ ഇന്ത്യയും കൂടുതൽ ബന്ധങ്ങളും നിക്ഷേപങ്ങളും ഉൾപ്പെടുത്തി ഈ സാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി, ഇന്ത്യയിൽ നിക്ഷേപം നടത്താൻ വിദേശ കമ്പനികളെ ക്ഷണിക്കാനുള്ള അവസരം ഇന്ത്യൻ വ്യവസായം പ്രയോജനപ്പെടുത്തണം. അതുവഴി കൊവിഡ് ബാധ, സാമ്പത്തിക മാന്ദ്യം എന്നീ രണ്ട് യുദ്ധങ്ങളേയും വിജയിക്കാമെന്നും ഗഡ്‌കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടാതെ, രാജ്യത്തെ പൊതുഗതാഗതത്തിൽ യൂറോപ്യൻ മാതൃക നടപ്പിലാക്കുന്നത് കൂടുതൽ മികച്ചതായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അഞ്ചോ ആറോ വർഷം മാത്രം ആയുസുള്ള ഇന്ത്യയിലെ പൊതുവാഹനങ്ങൾക്ക് പകരം വിദേശരാജ്യങ്ങളുടെ മാതൃക ഉൾക്കൊണ്ട് പതിനഞ്ച് വർഷം വരെ നിലനിൽക്കുന്ന വാഹനങ്ങൾ നിർമിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.