ന്യൂഡൽഹി: കൊവിഡ് സ്ഥിരീകരിച്ച രോഗിക്ക് ലോക് നായക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. കൊവിഡ് രോഗത്തിന് സംസ്ഥാന സര്‍ക്കാര്‍ മികച്ച ചികിത്സ നല്‍കുന്ന ആശുപത്രിയാണ് ലോക് നായക് ആശുപത്രി. എന്നാല്‍ ആശുപത്രിക്ക് എതിരെ വ്യാപകമായ പരാതികളാണ് ഇപ്പോള്‍ ഉയരുന്നത്.
ചൂരിവാലന്‍ നിവാസിയായ നസീം തന്‍റെ കുടുംബത്തിലെ മൂന്ന് പേരെ വൈദ്യ സഹായത്തിനായി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചുവെന്നാണ് പരാതി. ഇവരെ കൂടാതെ ഏഴ് കൊവിഡ് രോഗികള്‍ കൂടി ഉണ്ടെന്ന് നസീം പറയുന്നു. ഒരു സ്വകാര്യ ലാബിൽ നിന്ന് ആർടി-പിസിആർ പരിശോധനകൾ നടത്തിയതിന് ശേഷമാണ് നസീമും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതെന്നും അതിന് ശേഷമാണ് ലോക് നായക് ആശുപത്രിയില്‍ കൊണ്ടുപോയതെന്നുമാണ് നസീം പറയുന്നത്. രണ്ട് മണിക്കൂറിലധികം സമയം ആശുപത്രിക്ക് പുറത്ത് നിന്ന് സഹായം അഭ്യര്‍ഥിച്ചുവെന്നും അധികൃതര്‍ അവഗണിക്കുകയാണ് ചെയ്തതെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം, കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ചികിത്സിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതില്‍ പ്രായമായവരും രണ്ട് മാസം പ്രായമുള്ള കുട്ടികളും ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.