ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മൂലം കൊവിഡ് വ്യാപനവും മരണങ്ങളും പരിമിതമായ പ്രദേശങ്ങളിലൊതുങ്ങിയെന്ന് കേന്ദ്രം. ലോക്ക് ഡൗണ്‍ ഇല്ലായിരിന്നുവെങ്കില്‍ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചേനെയെന്ന് നീതി ആയോഗ് അംഗവും എംപവേഡ് ഗ്രൂപ്പ് വണ്‍ ചെയര്‍മാനുമായ വി കെ പോള്‍ വ്യക്തമാക്കി. വ്യാഴാഴ്‌ച വരെയുള്ള 80 ശതമാനം കേസുകളും പ്രധാനമായും 5 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്‌ട്ര, തമിഴ്‌നാട്,ഗുജറാത്ത്,ഡല്‍ഹി,മധ്യപ്രദേശ് എന്നിവിടങ്ങളാണവ. 60 ശതമാനം കേസുകള്‍ മുംബൈ,ഡല്‍ഹി,ചെന്നൈ,അഹമ്മദാബാദ്,താനെ തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. 70 ശതമാനം രോഗികള്‍ 10 നഗരങ്ങളെ കേന്ദ്രീകരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം മരണനിരക്കില്‍ 80 ശതമാനവും മഹാരാഷ്‌ട്ര,ഗുജറാത്ത്,പശ്ചിമബംഗാള്‍,മധ്യപ്രദേശ്,ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. ഇതില്‍ തന്നെ 95 ശതമാനം മരണങ്ങളും 10 സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം 1093 കൊവിഡ് കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളില്‍ 1,85,306 ബെഡുകളാണ് രോഗികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ 2403 കൊവിഡ് ഹെല്‍ത്ത് സെന്‍ററുകളിലായി 1,38,652 ബെഡുകളും തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ് കെയര്‍ സെന്‍ററുകളിലായി 6.5 ലക്ഷം ബെഡുകളും അധികമായി ഒരുക്കിയിരിക്കുന്നു.
കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കിയിട്ടുണ്ടെന്നും ദിവസേനഒരു ലക്ഷം കൊവിഡ് പരിശോധന നടത്താനുള്ള ശേഷി നിലവില്‍ രാജ്യത്തിനുണ്ടെന്നും വി കെ പോള്‍ വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്കായി 36 ലക്ഷം പിപിഇ കിറ്റുകള്‍ വിതരണം ചെയ്‌തു. 10 കോടിയിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നതായി നീതി ആയോഗ് അംഗം കൂട്ടിച്ചേര്‍ക്കുന്നു.