പൂനെ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ അഹോരാത്രം പ്രവർത്തിക്കുന്ന നഴ്‌സിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൂനെയിലെ സിവിക് റൺ നായിഡു ആശുപത്രിയിലെ ഛായാ ജഗാപ്‌തിനെയാണ് മോദി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചത്. ആശുപത്രിയിലെ ജീവക്കാരുടെ പ്രവർത്തനത്തെയും മോദി പ്രശംസിച്ചു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോൺ കോൾ ലഭിച്ചതെന്ന് പൂനെ മുനിസിപ്പല്‍ കോപറേഷനിലെ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇരുവരുടെയും സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി.
മറാത്തിയില്‍ ആരംഭിക്കുന്ന സംഭാഷണത്തില്‍ ഛായാ ജഗാപ്‌തിയുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ച മോദി കൊവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ നിങ്ങളുടെ കുടുംബത്തിന് ആശങ്കയുണ്ടോയെന്ന് അന്വേഷിച്ചു. കുടുംബത്തിന് ആശങ്കയുണ്ടെന്നും എന്നാല്‍ ഈ അവസ്ഥയില്‍ രോഗികളെ പരിചരിക്കുന്നതിനാണ് മുൻഗണനയെന്നും ഛായാ പറഞ്ഞു. ഏഴ് രോഗികൾ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടെന്നും. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികൾക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അവരെ ആശ്വസിപ്പിക്കുന്നുണ്ടെന്നും ഛായാ മോദിയെ അറിയിച്ചു.
വിവിധ ആശുപത്രികളിൽ അശ്രാന്തമായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളതെന്ന മോദിയുടെ ചോദ്യത്തിന് ഭയപ്പെടേണ്ട ആവശ്യമില്ല. ഈ രോഗത്തെ അതിജീവിച്ച്, നമ്മുടെ രാജ്യത്തെ വിജയിപ്പിക്കണമെന്നതായിരിക്കണം എല്ലാ ആരോഗ്യ പ്രവർത്തകരുടെയും മുദ്രാവാക്യമെന്ന് ജഗാപ്‌തി പറഞ്ഞു.
നിങ്ങളെപ്പോലെ, ലക്ഷക്കണക്കിന് നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ഡോക്ടർമാർ എന്നിവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോൾ രോഗികൾക്ക് സേവനം നൽകുന്നുണ്ട്. എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മോദി അറിയിച്ചു. ഇതിന് മറുപടിയായി എന്‍റെ കടമ മാത്രമാണ് ഞാൻ ചെയ്യുന്നതെന്നും രാജ്യത്തെ സേവിക്കുന്ന താങ്കളോട് നന്ദി അറിയിക്കുന്നുവെന്നും ജഗാപ്‌തി മോദിയോട് പറഞ്ഞു.