ബെംഗളൂരു: കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ 20 ദിവസത്തേക്ക് പൂര്‍ണമായും ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്.ഡി കുമാരസ്വാമി. ലോക്ക് ഡൗണ്‍ പൂര്‍ണമായും നടപ്പാക്കിയില്ലെങ്കില്‍ ബെംഗളൂരു മറ്റൊരു ബ്രസീലാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും അല്ലാതെ സാമ്പത്തിക രംഗമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ജനങ്ങളുടെ ജീവനുമായി കളിക്കുന്നത് നിര്‍ത്തണമെന്നും ചില സ്ഥലങ്ങളില്‍ മാത്രം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് ഉപകാരമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും റേഷന്‍ വിതരണം ചെയ്യുന്നത് കൊണ്ട് പ്രശ്‌നത്തിന് പരിഹാരമാവില്ലെന്നും സംസ്ഥാനത്തെ 50 ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്ക് നഷ്‌ടപരിഹാരമായി 5000 രൂപ വീതം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡ്രൈവര്‍മാര്‍, നെയ്‌ത്തുകാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപിച്ച പദ്ധതികള്‍ വേഗം നടപ്പാക്കണമെന്നും ആശ്വാസ പദ്ധതികള്‍ പാവങ്ങളിലേക്ക് എത്താത്തത് സര്‍ക്കാരിന്‍റെ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം കര്‍ണാടകയില്‍ ഇതുവരെ 9150 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ 3395 പേര്‍ ചികില്‍സയില്‍ തുടരുന്നു. 5618 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയിട്ടുണ്ട്. 137 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.