ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഖാസിയാബാദിലെ ഖോഡ പ്രദേശം കൊവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. തുടർച്ചയായി 14 കൊവിഡ് കേസുകൾ റിപ്പോർട്ട ചെയ്‌ത സാഹചര്യത്തിലാണ് നടപടി. വീട്ടിൽ നിന്ന് ആളുകൾ പുറത്തിറങ്ങരുതെന്നും വർക്ക് ഫ്രം ഹോം രീതിയിലേക്ക് ജോലി ചെയ്യുന്നവർ മാറണമെന്നും ഇന്ദിരാ പുരം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അൻഷു ജെയിൻ പറഞ്ഞു.
മാധ്യമ പ്രവർത്തകർക്കും റേഷൻ വിതരണക്കാർക്കും പച്ചക്കറി കച്ചവടക്കാർക്കും മാത്രമേ ഖോഡയിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂവെന്നും അവശ്യവസ്‌തുക്കളുടെ വിതരണത്തിന് വീർ വിജയ് സിങ് പാത്തിക് ഗേറ്റും ഇന്ദിര വിഹാർ കോളനി റോഡും മാത്രമേ തുറക്കൂവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗികൾ ചികിത്സയിൽ തുടരുകയാണെന്നും അവരുടെ കുടുംബങ്ങൾ ക്വാറന്‍റൈനിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.