ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,604 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇന്ത്യയിലെ മൊത്തം കേസുകൾ 70,756 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 87 പേർക്കാണ് ഇന്ത്യയില്‍ ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 2,293 ആയി വർധിച്ചു. ഇന്ത്യയിൽ നിലവിൽ 46,008 രോഗികളാണ് ചികിത്സയിലുള്ളത്. കൂടാതെ, 22,454 പേർ രോഗമുക്തി നേടി.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ വൈറസ് കേസുകൾ ഉള്ളത് മഹാരാഷ്‌ട്രയിലാണ്. ഇവിടെ 23,401 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 4,786 രോഗികൾ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. അതേസമയം, മഹാരാഷ്ട്രയില്‍ 868 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 8,541 കേസുകളുള്ള ഗുജറാത്ത് ആണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 2,780 രോഗികൾ സുഖം പ്രാപിക്കുകയും 513 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു. തമിഴ്‌നാട്ടിലെ ആകെ കൊവിഡ് കേസുകൾ 8,002 ആണ്. ഇവിടെ 53 രോഗികൾ വൈറസിന് കീഴടങ്ങിയപ്പോൾ 2000 പേർക്ക് രോഗം ഭേദമായി. രാജ്യ തലസ്ഥാനത്ത് മൊത്തം 7,233 കേസുകളാണുള്ളത്. 2,129 രോഗികൾ സുഖം പ്രാപിച്ചു. അതേ സമയം, ഡൽഹിയിലെ മരണസംഖ്യ 73 ആണ്.
ഒരു കൊവിഡ് രോഗി വീതമുണ്ടായിരുന്ന മിസോറം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ഗോവ, രണ്ട് വൈറസ് കേസുകളുണ്ടായിരുന്ന മണിപ്പൂർ എന്നിവിടങ്ങളിലെ എല്ലാ രോഗികൾക്കും അസുഖം ഭേദമായിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകൾ ഒന്നും ഉണ്ടായിട്ടില്ല.