ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തത് അയ്യായിരത്തോളം കൊവിഡ് കേസുകൾ. ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു.
4,987 പുതിയ കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 90,927 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 53,946 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 2,872 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 120 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 4,000ത്തോളം പേര്‍ രോഗമുക്തരാവുകയും ചെയ്‌തു. രാജ്യത്ത് മൊത്തം 34,108 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയില്‍ 30,706 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്തില്‍ 10,988 കേസുകളും തമിഴ്‌നാട്ടില്‍ 10,585 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു. ദേശീയ തലസ്ഥാനമായി ഡല്‍ഹിയില്‍ 9,333 രോഗബാധിതരാണുള്ളത്.